2009, ജൂലൈ 7, ചൊവ്വാഴ്ച

വേണം നമുക്കൊരു റോഡ് സംസ്കാരം!

ഇവിടെ യു. എ . യില്‍ റോഡ് നിയമങ്ങള്‍ വളരെ കര്‍ശനമാണ്. എന്നിട്ടും അപകടങ്ങള്‍ ഒരു കുറവും ഇല്ല. ഡ്രൈവര്‍ക്ക് കിട്ടുന്ന പിഴ ശിക്ഷക്കും കുറവില്ല തന്നെ! ബ്ലാക്ക്‌ പോയിന്റ്‌ സിസ്റ്റം വന്നതിനു ശേഷവും വലിയ വിശേഷം ഒന്നും ഇല്ല എന്ന് തോന്നുന്നു ചില അപകട വാര്‍ത്തകള്‍ കേട്ടാല്‍.
ഇവിടെ തിരിച്ചെത്തിയതിനു ശേഷം കണ്മുന്‍പില്‍ ഉള്ള ഒരു സ്ഥലത്ത്‌ റോഡ് കുറുകെ കടന്ന നാല്, ആറ്, എട്ട് പ്രായത്തിലുള്ള കുട്ടികള്‍ വണ്ടിയിടിച്ചു തല്‍ക്ഷണം മരണപ്പെടുകയുണ്ടായി. അവിടെ റോഡ് ക്രോസ് ചെയ്യുവാനുള്ള സീബ്ര വരകളോ, അടിപ്പതയോ മേല്പ്പാലമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കൂടാതെ ഒരു വന്‍കിട വ്യാപാര സമുച്ചയവും അവിടെ ഉണ്ടായിരുന്നു. അധികൃതര്‍ അവിടെ റോഡ് മുറിച്ചു കടക്കുവാന്‍ യാതൊരു സൌകര്യം ഉണ്ടാക്കിയിരുന്നില്ല. കൂടാതെ ഉള്ള റോഡ് തന്നെ വീതി കൂട്ടുവാനുള്ള ജോലികള്‍ നടക്കുന്നത് കാരണം താല്‍ക്കാലികമായി "ചുരുക്കി"യിരിക്കുകയുമായിരുന്നു. (ഇനി വീതി കൂട്ടിക്കഴിയുമ്പോള്‍ എന്തൊക്കെയാണോ നടക്കാന്‍ പോകുന്നത്). ഇവിടെ റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് ഇരുന്നൂറു ദിര്‍ഹം പിഴഈടാക്കുന്നുണ്ട് എന്ന് കൂടി അറിയുമ്പോഴാണ് സംഗതിയുടെ ഗൌരവം!
ഇത്രയും എഴുതാന്‍ കാരണം ഈയിടെ അവധിക്കു നാട്ടില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചകളാണ്. ഈയുള്ളവന്‍ ഒരു ഹീറോ ഹോണ്ട ബൈകുമായി പലകാര്യങ്ങള്‍ക്കും തലങ്ങും വിലങ്ങും സഞ്ചരിച്ചിരുന്നു. കരുതിയിരുന്നില്ലെന്കില്‍ അപകടം എപ്പോഴും ഉറപ്പുതന്നെ! നമ്മുടെ വാഹനം വരുന്നതു കണ്ടു കൊണ്ടു തന്നെ സൈഡില്‍ നില്ക്കുന്ന ആളുകളും, സൈക്കിള്‍, ബൈക്ക് യാതികര്‍, എന്തിന് പറ്റിയും പൂച്ചയും വരെ "കൂള്‍" ആയി കുറുകെ ചാടുന്നു. മുന്നില്‍ പോകുന്ന ചില വാഹങ്ങള്‍ തനങലക്ക് തിരക്കില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കടന്നു പോകുവാന്‍ സൗകര്യം ചെയ്തു കൊടുക്കുന്നില്ല. സ്വകാര്യ ബസ്സുകള്‍ ബ്രേക്ക്‌ എന്നഒരു സാധനം ഇല്ലാതെയാണ് ഓടുന്നത് എന്നുതോന്നുന്ന തരത്തിലാണ് സര്‍വീസ് നടത്തുന്നത്. ചില പട്ടണങ്ങളില്‍ സീബ്ര വരകള്‍ ഉണ്ടെങ്കിലും ആരും അത് വക വക്കുന്നില്ല. ആളുകള്‍ അതിലൂടെ ക്രോസ് ചെയ്യുന്നില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി!. സീബ്ര വരകള്‍ ഉള്ള സ്ഥലങ്ങളില്‍ ആളുകള്‍ ഒഴിവാക്കി, അതില്ലാതെ സ്ഥലങ്ങളില്ക്കൂടി തിക്കിത്തിരക്കി വട്ടം ചാടുന്നു. അഥവാ ആരെങ്കിലും സീബ്ര വര വഴി കടന്നാല്‍ വാഹനങ്ങള്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കി അവരെ ഓടിക്കുന്നു. ഹൈവേ പോലീസ് എന്നൊരു വിഭങമാനെന്കില്‍ തങ്ങള്‍ക്കു വല്ലതും തടയുന്ന കേസ് വരുന്നതും നോക്കി ഒരു മൂലയ്ക്ക് ചിലന്തികളെ പോലെ വളയും വിരിച്ചു കാത്തിരിക്കുന്നു.
കൊച്ചി നഗരത്തില്‍ മൂന്നു തവണ പോകേണ്ട കാര്യമുണ്ടായി. അവിടത്തെ കാര്യങ്ങള്‍ കുറെ ഭീകരമാണ്. ദിവസവും പതിനായിരങ്ങള്‍ വന്നു പോകുന്ന നഗരം. പ്രധിഭധനനായ ഒരു ഓഫീസര്‍ പോലീസ് തലപ്പത്ത്‌ വന്നിട്ടുണ്ട്, പക്ഷെ കാര്യങ്ങള്‍ ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ. കലൂര്‍ കവല ആണ് ഏറ്റവും മോശം! സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ചെറുതും വലുതുമായ സാറന്മാരും മാടങ്ങളും തുടങ്ങി സാധാ പൊതുജനവും, പിച്ചക്കാരും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങളില്‍ പഠിക്കുന്ന കുട്ടികള്‍ വരെ റോഡ് തോന്നിയ പോലെ മുറിച്ചു കടക്കുന്നു. പണ്ടു ഒരു "ലൈന്‍" വരച്ചിട്ടുണ്ടായിരുന്നു അതിപ്പോള്‍ കാണാനെ ഇല്ല. സ്കൂളുകളില്‍ ട്രാഫിക് ബോധവല്‍ക്കരണം നടത്തും എന്നും മറ്റുമുള്ള വാര്‍ത്തകള്‍ ഓര്മ്മ വന്നു. യുന്നിഫോമിട്ട മൂന്നു പെണ്‍കുട്ടികള്‍ കലൂര്‍ സ്റ്റാന്‍ഡില്‍ നിന്നും പരസ്പരം കൈ കോര്‍ത്ത്‌ പിടിച്ചു എതിര്‍ ഭാഗത്തേക്ക്‌ കടക്കുന്നത്‌ ഞാന്‍ ബസ്സിനുള്ളില്‍ ഇരുന്നു കൊണ്ടു കണ്ടു. അവര്‍ മാത്രമല്ല എല്ലാവരും വാഹനങ്ങല്‍ക്കിടയിലേക്ക് എടുത്തു ചാടുകയാണ് യഥാര്‍ത്ഥത്തില്‍. ഇരുപത്തി നാല് മണിക്കൂറും നഗര ചലനങ്ങള്‍ ഒപ്പിയെടുക്കുന്ന ഒളി ക്യാമറകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുകയാണെന്ന് ഈയിടെ ഒരു ചാനല്‍ (മനോരമ) വാര്ത്ത നല്‍കുകയുണ്ടായി. പക്ഷെ ഇതൊന്നും ആരും കാണുന്നില്ലേ? ചോദിക്കേണ്ടിയിരിക്കുന്നു ബന്ധപ്പെട്ടവരോട്.
തൊട്ടടുത്തിരുന്ന അപരിചിതനായ സഹയാത്രികനോട് ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ കിട്ടിയ മറുപടി ഇപ്രകാരമാണ് "സുഹൃത്തേ, റോഡ് സംസ്കാരം പോകട്ടെ അല്ലാത്ത എന്തെങ്കിലും സംസ്കാരം നമ്മള്‍ മലയാളിക്കുണ്ടോ?" ഇതും പറഞ്ഞു ഇനിയും എന്റെ ഭാഗത്ത്‌ നിന്നും കൂടുതല്‍ ചോദ്യം ഉണ്ടാവാതിരിക്കുവാന്‍ വേണ്ടി തന്റെ മൊബൈലിന്റെ ഇയര്‍ ഫോണ്‍ ചെവിയിലേക്ക് തിരുകി ഏതോ ഒരു പാട്ടു സെലക്ട്‌ ചെയ്തു അദ്ദേഹം ഒന്നുകൂടി ചാഞ്ഞിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ